Friday, November 10, 2017

!!! വഴിത്തിരിവുകൾ !!!

കഴിഞ്ഞ കാലങ്ങളിലൂടെ, വർഷങ്ങളായി നടന്ന വഴികളിലൂടെ, ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണെന്ന് പ്രവാസജീവിതം ആവശ്യപെടുന്നു ....അതിൻറെ പരിണാമമാണ്  ഈ കുറിപ്പുകൾ ......

ഇത്രയും കാലം ജീവിച്ചുവന്ന വഴികളിലൂടെ, അനുഭവിച്ച  കാര്യങ്ങളിലൂടെ മനസിലാക്കിയ ചില സത്യങ്ങൾ, അവ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ,  ജീവിതത്തിൽ നാം എന്തിനു  വേണ്ടി ജനിച്ചു, എന്താണീ കാണുന്നതെല്ലാം കൊണ്ട് സൃഷ്ടാവ് നമ്മോട് പഠിക്കാൻ ആവശ്യപ്പെടുന്നത് എന്നെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു.  ചിന്തകളെല്ലാം വാക്കുകളിലൂടെ പ്രകടിപ്പിക്കാമെന്ന വ്യാമോഹം ഒരു വ്യഴാവട്ടക്കാലം മുന്നേ തന്നെ ഉപേക്ഷിച്ചതാണ്.  എന്നാലും, നാളെയുടെ വഴികളിൽ, സത്യാന്വേഷണത്തിൻറെ വെളിച്ചം ബാക്കിനിൽകുമെന്ന ഉറപ്പുള്ളത് കൊണ്ട് കഴിയുന്ന വിധം കാര്യങ്ങൾ പ്രകടമാക്കേണ്ടത് ഒരു കടമയാണെന്ന് തോന്നുന്നു.....

വെറുമൊരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന എനിക്ക്, മറ്റുള്ള കുട്ടികളെക്കാൾ  കൂടുതലുണ്ടായിരുന്ന രണ്ട് ഭാഗ്യങ്ങളാണ് ഒരുപാട് സംഭവബഹുലമായ ജീവിതത്തിനുടമയായ മുത്തച്ഛനും, ഔദ്യോദിക വിദ്യാഭ്യാസം കുറവായിരുന്നിട്ടും വളരെയധികം വായനാശീലവും ലോകപരിചയമുള്ള ഒരു പിതാവും.  

മുത്തച്ഛനെപ്പറ്റി പറഞ്ഞാൽ ഒന്നോ രണ്ടോ സിനിമക്കുള്ള കഥകളുണ്ടാവും..വിസ്താരഭയമുള്ളതു കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു മുതിരുന്നില്ല, എങ്കിലും അദ്ദേഹത്തെകുറിച്ചു ചിലതെല്ലാം പറഞ്ഞില്ലെങ്കിൽ ഗുരുത്വദോഷമാകും.

മുത്തച്ഛൻ - മൈലാങ്കോട്ടിൽ കൃഷ്ണൻ നായർ എന്ന ഡ്രൈവർ കൃഷ്ണൻ നായർ.   16 വയസിൽ പാടത്തു പണിയെടുക്കന്നതിനിടക്ക് വച്ച് അമ്മാവന്മാരുടെ പീഡനങ്ങൾ സഹിക്കവയ്യാതെ, മദിരാശിയിലേക്കു നാടുവിട്ട മുത്തച്ഛൻ യുവാവായി തിരിച്ചുവരുന്നത് ഒരുവിധം എല്ലാ വിദേശവാഹനങ്ങളെല്ലാം ഓടിക്കാൻ പഠിച്ച ശേഷമാണു.  ഇന്നത്തെ എല്ലാ ആഡംബര വിദേശവാഹന കമ്പനികളുടെയെല്ലാം അന്നത്തെ ബ്രാൻഡുകളുടെ പ്രവർത്തനവും, റിപ്പയറിങ്ങും എല്ലാം അദ്ദേഹം തന്റെ 10-13 വർഷത്തെ ദക്ഷിണഭാരതവാസം കൊണ്ട് പഠിച്ചെടുത്തു.  അത്യാവശ്യം ദക്ഷിണ ഭാരതഭാഷകളെല്ലാം സ്വായത്തമാക്കിയാണ്  ആ യുവാവ് തിരിച്ചെത്തിയത്.  തിരിച്ചുവരാൻ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു.  നാടുവിട്ടു പോകുന്നതിനു മുൻപ് ഇഷ്ടമില്ലാത്ത അമ്മാവന്റെ മകളായ സ്വന്തം മുറപ്പെണ്ണിന്റെ കഴുത്തിൽ ഇട്ടു കൊടുത്ത ഒരു കണികൊന്നപൂമാല....!!!

സ്വാതന്ത്ര്യസമരം കൊടിപിരി കൊള്ളുമ്പോൾ, കാർഷികവൃത്തിയല്ലാതെ മറ്റു ജോലികളറിയാത്ത നാട്ടുകാർക്ക് , ബ്രിട്ടീഷ് ആർമിയുടെ വാഹനങ്ങളല്ലാതെ മറ്റൊരു യന്ത്രങ്ങളും കണ്ടിട്ടില്ലാത്ത ആളുകൾക്കിടയിൽ മറ്റൊരു യാന്ത്രിക ഞ്യാനമുള്ള ആദ്യത്തെ വ്യക്തിയായി മുത്തച്ഛൻ.  അങ്ങനെ ഒരു യുവാവിനെ എങ്ങനെ പിന്നെ പഴയ കർക്കശക്കാരൻ അമ്മാവൻ എതിർക്കും ?  അങ്ങനെ ആ വിവാഹാനന്തരം 2 വർഷത്തെ മദിരാശിയിലെ താമസം മതിയാക്കി ഒരു കുട്ടിയുമായി ആ കുടുംബം വീണ്ടും നാട്ടിലേക്ക് .....

ഈ സമയത്താണ്, വള്ളുവനാട്ടിലെ ജനങ്ങൾക്ക്  ഒരു ബസ് എന്ന ആവശ്യം കണക്കിലെടുത്തു അന്നത്തെ ആംഗ്ലോഇന്ത്യൻ പാരമ്പര്യമുള്ള ഒരു പ്രമാണി കുടുംബം കുറച്ചു ബസ്സുകൾ ഓടിക്കാൻ പ്ലാൻ ഉണ്ടാക്കുന്നത്...

അങ്ങനെ ആദ്യമായി ഉരുളൻ കല്ലുപാകിയ നിരത്തിലൂടെ M.U.M.S. എന്ന ബസ് സർവീസ് മണ്ണാർക്കാട്-പാലക്കാട്, പിന്നീട് മണ്ണാർക്കാട്-പെരിന്തൽമണ്ണ, പിന്നെ പാലക്കാട്-കോഴിക്കോട് സർവീസുകൾ നടത്തി.  ഇതിൻറെയെല്ലാം നേതൃസ്ഥാനത്തു മുത്തച്ഛനുണ്ടായിരുന്നു.  അതുകൊണ്ടു തന്നെ ഇന്നും കോഴിക്കോട് തൊട്ടു പാലക്കാട് വരെ ഒരു 50-60 വയസ്സിനു മുകളിലുള്ളവരോട് ചോദിച്ചാൽ പരിചിതമായ ഒരു പേരാണ് MUMS ബസ് സർവീസും ഡ്രൈവർ കൃഷ്ണൻ നായരും.  തന്റെ 35 വർഷത്തെ MUMS സർവീസിന് ഇടയ്ക്കും ശേഷവുമായി കൽക്കരി കത്തിച്ചു വെള്ളം  ചൂടാക്കി അതിന്റെ ആവിയിൽ പ്രവർത്തിച്ച ബസ്സുകൾ മുതൽ അശോക് ലെയ്‌ലാൻഡ്‌ വരെ മുത്തച്ഛൻ ഓടിച്ചു നോക്കി.  ബസ്സിൽ ഡ്രൈവർ  ആകുന്നതിനു മുൻപ് കോട്ടപ്പുറത്തെ അന്നത്തെ ബ്രിട്ടീഷ് റെജിമെന്റിൽ ആർമി ട്രക്ക് ഡ്രൈവറായും അദ്ദേഹം ജോലി നോക്കിയിരുന്നു...


പെരിന്തൽമണ്ണ, അങ്ങാടിപുറത്തിനടുത്തു പനങ്ങാട്ടിരി തറവാട്ടിൽ ഗോവിന്ദമേനോൻ എന്നാണ് എന്റെ മുത്തച്ഛന്റെ അച്ഛന്റെ പേര്.  ഇതിത്ര കൃത്യമായി എഴുതാൻ ഒരു കാരണമുണ്ട്.  ചെറുപ്പത്തിൽ മുത്തച്ഛന്റെ കാൽകീഴിലിരുന്നു ഒരുപാടു  ജീവിതാനുഭവങ്ങൾ കേൾക്കുവാനുള്ള സൗഭാഗ്യം കിട്ടി.  അങ്ങനെ ഒരു ദിവസം മാപ്പിള ലഹള എന്ന വർഗീയകലാപം എങ്ങനെ സ്വന്തം ജീവിതത്തെ ബാധിച്ചു എന്നദ്ദേഹം പറഞ്ഞുതന്നു...പിന്നീട് മതേതരത്വത്തിന്റെ അപ്പോസ്തലന്മാർ നിറം പിടിപ്പിച്ചെഴുതിയ കർഷക ലഹളയായിരുന്നില്ല 1921 ഖിലാഫത്...!!!  വളരെ ആസൂത്രിതവും നിരന്തരവുമായി നടത്തിയ ഒരു വംശോച്ചാടനമായിരുന്നു അത്...1921 കുറച്ചു കാലം മുന്നേ തന്നെ ഇതിനുള്ള പദ്ധതികൾ നടന്നിരുന്നു.  എപ്പോഴൊക്കെ മുസ്ലിംകൾ ആക്രമണം തുടങ്ങിയോ അപ്പോളൊക്കെ ഭാര്യയുടെ നാടായ മണ്ണാർക്കാട്ടേക്കു രായ്ക്കുരാമാനം ഗോവിന്ദമേനോൻ മകനെയും ഭാര്യയെയും നാട് കടത്തി.   മുത്തച്ഛന്റെ വാക്കിൽ പറഞ്ഞാൽ "ഒരു വലിയ കഷ്ണം ശർക്കര തേക്കിന്റെ ഇലയിൽ പൊതിഞ്ഞു കയിൽത്തരും, നേരം ഇരുട്ടിയാൽ അമ്മയുടെ കൂടെ ഊടുവഴികളിലൂടെ ഒരു ചെറിയ റാന്തലിന്റെ വെളിച്ചത്തിൽ ആ ശർക്കരയും നുണഞ്ഞു നടക്കും പിറ്റേ ദിവസം ഉച്ചയോടെ വിയ്യക്കുറുശ്ശി മൈലങ്ങോട്ടു തറവാട്ടിലെത്തും.  പക്ഷെ 1921 വന്നതോടെ എന്റെ മുത്തച്ഛനേയും കൊണ്ട് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും അങ്ങാടിപുറത്തുനിന്നു രായ്ക്കുരാമാനം പലായനം ചെയ്യേണ്ടി വന്നു...

ഇങ്ങനെ സ്വന്തം അച്ഛനെയും അമ്മയെയും പറ്റി മുത്തച്ഛൻ പറഞ്ഞ സമയം ഞാൻ ഒരു നേരം പോക്കിന് ചോദിച്ചു "നമുക്ക് മുത്തച്ഛന്റെ പഴയ വീട് കാണാൻ പോയാലോ" എന്ന്.  1990 കളിൽ 10-13 വയസുള്ള ബാലനായ ഒരാൾ 1800 കളുടെ രണ്ടാം പകുതിയിൽ ജീവിച്ച ഒരു കുടുംബത്തിന്റെ വേര് തേടാൻ പറയുക, അതിനെ ആ വ്യoഗ്യാർഥത്തിൽ എടുക്കുന്നതിനു പകരം പിറ്റേ ദിവസം തന്നെ മുത്തച്ഛൻ രാവിലെ അങ്ങാടിപ്പുറത്തേയ്ക്കു വച്ചുപിടിച്ചു ......................
To be continued......



























-------------------------------------------------------------------------

അച്ഛൻ:- ...

അടുത്തുള്ള കാവുകളിൽ പൂരത്തിന് പോയി തിരിച്ചു വരുമ്പോൾ, അച്ഛന്റെ തോളിലിരുന്നു കേട്ട കഥകളിലാണ് ഞാൻ ആദ്യമായി ഛത്രപതി ശിവാജിയെയും, സ്വാമി വിവേകാനന്ദനെയും, ഗുരു ഗോബിന്ദ് സിംഹിനെയും, ആദി ശങ്കരനെപ്പറ്റിയും ഒക്കെ കേൾക്കുന്നത്.....ഭാരതമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി അരയും തലയും മുറുക്കി എല്ലാം ത്യജിച്ച രാജപുത്രരുടെ - റാണാപ്രതാപനും, പദ്മിനിയും - മനുഷ്യജന്മത്തിന്റെ ആത്യന്തിക സത്യത്തെക്കുറിച്ചുള്ള ബോധമെല്ലാം സ്വായത്തമാക്കി സർവഞ്യപീഠം കയറിവരുടെ, ധര്മസംരക്ഷണത്തിനുവേണ്ടി ഖഡ്ഗമെടുത്തു രണാങ്കണത്തിൽ നിണമണിഞ്ഞവരുടെ, അങ്ങനെ അങ്ങനെ ഒരുപാടു കഥകൾ അച്ഛൻ ചെറുപ്പത്തിൽ ഒരു ഓതിക്കന്റെ കഴിവോടെ ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു.

പിന്നീടെപ്പോഴോ, വല്യച്ഛന്റെ പഴയ പുസ്തകശേഖരം തട്ടിന്മുകളിൽ പഴയ മരപെട്ടിയിൽ നിന്ന് കണ്ടെടുത്തതോടെ, രണ്ടു വാരികകൾ മനസിനെ ആകർഷിച്ചു...സോവിയറ്റ് നാട്, ജർമൻ ന്യൂസ്, ഇവയായിരുന്നു രണ്ടു വാരികകൾമഞ്ഞിലുലറഞ്ഞ നഗരങ്ങളും, വെടിമരുന്നിന്റെ ഗന്ധമുള്ള വനവീഥികളും, ടാങ്കറുകൾ ഓടി തകർന്ന ഗ്രാമങ്ങളും, നല്ല നാളെയുടെ സ്വപ്നങ്ങളും ഭരിച്ചു തകർത്ത റഷ്യയുടെയും, ജര്മനിയുടെയും, മറ്റു യൂറോപ്പ്യൻ രാജ്യങ്ങളുടെയും അവസ്ഥാവിശേഷങ്ങൾ എല്ലാം കൂടി, കുറെ യാത്രസ്വപ്നങ്ങൾ അന്നുമുതല് മനസ്സിൽ നിറം പിടിപ്പിച്ചിട്ടുണ്ട്...

!!! വഴിത്തിരിവുകൾ   !!! കഴിഞ്ഞ കാലങ്ങളിലൂടെ, വർഷങ്ങളായി നടന്ന വഴികളിലൂടെ, ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണെന്ന് പ്രവാസജീവിതം ആവശ്യപെടുന്നു ....